Skip to main content

Posts

Showing posts from March, 2013

പാവപ്പെട്ടവരുടെ സഭ തന്റെ ലക്ഷ്യം: ഫ്രാന്‍സീസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: പാവപ്പെട്ടവര്‍ക്കുവേണ്ടി നിലകൊള്ളുന്ന പാവപ്പെട്ട സഭയായി കത്തോലിക്കാ സഭ മാറണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഗതികള്‍ക്കുവേണ്ടി ജീവിച്ച അസീസിയയിലെ വിശുദ്ധ ഫ്രാന്‍സിസില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് താന്‍ ഫ്രാന്‍സിസ് എന്ന പേര് സ്വീകരിച്ചതെന്ന് പാപ്പ പറഞ്ഞു. 'കോണ്‍ക്ലേവില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷവുമായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ബ്രസീലിയന്‍ കര്‍ദിനാള്‍ ക്ലോഡിയോ ഹംസ് ആണ് എന്റെ അടുത്തിരുന്നിരുന്നത്. അദ്ദേഹം എന്നെ ആശ്ലേഷിച്ചു, ചുംബിച്ചു. പാവങ്ങളെ ഒരിക്കലും മറക്കരുതെന്ന് പറഞ്ഞു. അതെന്നെ സ്പര്‍ശിച്ചു. അസീസിയയിലെ ഫ്രാന്‍സിസ് പുണ്യവാളനെയാണ് ഞാന്‍ പെട്ടെന്നോര്‍ത്തത്. ദാരിദ്ര്യത്തിനെതിരെയും സമാധാനത്തിനു വേണ്ടിയും പ്രവര്‍ത്തിച്ച വിശുദ്ധനാണ് അദ്ദേഹം. ആ പേര് സ്വീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു'- പാപ്പ വിശദീകരിച്ചു.